Monday, April 25, 2011

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)


22 April 2011 , സമയം രാത്രി 2.30, കൂരാകൂരി ഇരുട്ട്, കരണ്ട് പോയിരിക്കുന്നു. വീടിനു പുറകുവശത്ത്  എന്തോ ശബ്ദം, അതെ വെറും തോനാല്‍ അല്ല, ശരിക്കും ശബ്ദം, ആയോ ഇനി വല്ല ഭൂമികുലുക്കം വല്ലതും, എന്തായാലും പുറകിലത്തെ ജനല്‍ മെല്ലെ തുറന്നു നോക്കി, ആദ്യം വിശ്വാസം വന്നില്ല, ഒന്നുകൂടി കണ്ണ് തിരുമ്മി ശരിക്കും നോക്കി, ആരാ ? അച്ഛന്‍ ചോദിച്ചു . എന്താ ശബ്ദം, അമ്മയ്ക്ക് വല്ലതും പറയാന്‍ ശബ്ദം വന്നില്ല.

സംഭവം എന്താ ? പുറത്തു അതാ നില്‍ക്കുന്നു മംഗലാംകുന്ന് ചന്ദ്രശേഖര്‍ എന്നാ കൊമ്പന്‍ ആന.

വീട്ടില്‍ എല്ലാവരും പരിഭ്രമിച്ചു, എന്ത് ചെയ്യും എന്ത് ചെയ്യാതിരിക്കും, ടോര്‍ച് ഒക്കെ എടുത്തു അച്ഛന്‍ വീടിന്റെ മുകളില്‍ കയറി നോക്കി, എന്താ സംഗതി എന്നറിയണമല്ലോ.

ആനയെ ഓടിക്കാനായി അമ്മ ചെന്നത് ചൂലും കൊണ്ട് ചെന്ന് ശൂ ശൂ എന്നൊക്കെ പറഞ്ഞെത്രെ.

പാവം ആന, പാപ്പന്‍ അടിച്ചു ഫിറ്റായി ആനയെ കെട്ടിയിട്ടത് അടുത്തുള്ള ഒരു ചെറിയ കല്ലില്‍, പാവം ആനക്ക് വിശന്നപ്പോള്‍ അടുത്തുള എന്‍റെ വീടില്‍ കയറി ആഡംബരമായി വച്ചിരുന്ന മൂന്ന് വാഴയും ഒരു പ്ലാവും അതിനെകൊണ്ട് ആവുന്ന രീതിയില്‍ അലങ്കരിച്ചു വച്ചിരിക്കുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ആന പാപ്പാന്റെ ഘനഗംബീരമായ സൌണ്ട്, ഇവിഴെ വാ ആനേ, എബൌട്ട്‌ ടേണ്‍, കം ഹിയര്‍, എന്തൊക്കെയോ പറഞ്ഞു അതിനെ കൂട്ടി കൊണ്ട് പോയി.

രാവിലെ എണീച്ചു അടുത്തുള്ള വീട്ടുകാര്‍ ഒക്കെ വന്നു ചോദിച്ചു എന്തോ ഭയങ്കര ശബ്ദം ഒക്കെ കേട്ടല്ലോ, ഭാഗ്യം അവരെ കാണിക്കാനായി ആന കുറച്ചു ആന പിണ്ഡം ഒക്കെ ബാക്കി വച്ചിട്ടാണ് പോയത്.
അച്ഛന്റെ ക്ലാസ്മേറ്റ് ആണ് മംഗലാംകുന്ന് പരമേശ്വരന്‍, മൂപ്പര്‍ക്ക്‌ പതിനാറ് ആന ഉണ്ട് എന്നാണ് എന്‍റെ അറിവ്, ഹി ഈസ്‌ ദി ഓണര്‍ ഓഫ് ഈ ആന, യു നോ !

നഷ്ടപരിഹാരം തരാം എന്ന് മൂപ്പര്‍ പറഞ്ഞപ്പോ ഹേയ് അതൊന്നും വേണ്ട ആന വീട്ടില്‍ വന്നത് ശുഭലക്ഷണം ആണ് എന്നാണ് എന്‍റെ അച്ഛന്റെ ഭാഷ്യം. ഇത് കേട്ട് അടുത്തുള്ള വീട്ടുകാര്‍ ഒക്കെ ഗേറ്റും തുറന്നു ആനെ വാ ആനെ വാ എന്ന് പറഞ്ഞു ഇരിപ്പാണ് പോലും.

വാല് : എന്തായാലും ഞാന്‍ അവിടെ ഇല്ലാതിരുന്നു നന്നായി അല്ലെങ്കില്‍ ആനയെ ഞാന്‍ പിടിച്ചു കെട്ടിയിട്ടെനെ, ഓണര്‍ വന്നു പറഞ്ഞാല്‍ മാത്രം അഴിച്ചു കൊടുക്കും. ദാറ്റ്‌സ് ഓള്‍. അല്ല പിന്നെ.

Saturday, April 23, 2011

ഇന്ത്യയിലെ സകല പ്രശ്നങ്ങള്‍ക്കും പരിഹാരം.


ഈയടുത്ത് വായിച്ചാ ചില ബ്ലോഗിലും, ഫേസ്ബുക്ക് അപ്ഡേറ്റ്കളിലും കണ്ട ചില പരാമര്‍ശങ്ങളാണ് ഈ പോസ്റ്റിനു ആധാരം.

ഇന്ത്യ എന്ന രാജ്യം സ്വതന്ത്രമായിട്ടു 60 വര്ഷത്തോളം കഴിഞ്ഞിട്ടും പല മേഖലകളില്ലും വികസനം ഉണ്ടാവുന്നില്ല, പട്ടിണിയും പട്ടിണി മരണവും മാറുന്നില്ല അഴിമതി അതിന്റെ ഏറ്റവും മൂര്ധന്യാവസ്ഥയില്‍ എത്തി നില്‍കുന്നു. രാജ്യത്തിനകത്തും പുറത്തുമായി എത്ര കള്ളപണം ഉണ്ട് എന്ന് ആര്‍ക്കും തന്നെ അറിയുന്നില്ല.

കണ്ടത് മനോഹരം കാണാത്തത് അതിമാനാഹാരം എന്നുള്ളത് കാണാത്തത് അതിഭീകരം എന്ന് വിശേഷിപ്പിക്കാം.

പ്രശ്നങ്ങള്‍ പലതാണ്, എന്താണ് പരിഹാരം എന്ന് ആരും നിര്‍ദ്ദേശിച്ചു കണ്ടില്ല.

അന്നാ ഹസാരെ ആണ് എല്ലാത്തിനും പ്രതിവിധി, അല്ലാ അങ്ങേരുടെ ആശയമാണ് വലുത് എന്നൊക്കെ പറഞ്ഞു കേട്ടു, പക്ഷെ ഇന്ത്യ എന്ന വലിയ ഒരു രാജ്യത്തു ഇതൊക്കെ എത്രത്തോളം പ്രവര്‍ത്തികമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഏതൊരു പദ്ധതിക്കും ശരിക്കും മറ്റിവയ്കുന്ന തുക അതിന്‍റെ മൂനിലോന്നുപോലും അതിലേക്കു ശരിക്കും വിനിയോഗിക്കപെടുന്നില്ല എന്നാണ് എവിടെയോ വായിച്ചതു. ഉദാഹരണത്തിന് ഒരു പദ്ദതിക്ക് 100 രൂപ കേന്ദ്രം തരുമ്പോള്‍ സംസ്ഥാനത്ത് എത്തുമ്പോള്‍ അത് 30 രൂപയായി ചുരുങ്ങുന്നു. എങ്ങനെ?

ഇന്ത്യപോലുള്ള ഒരു വലിയ രാജ്യത്തു, എല്ലാ മേഖലയിലും ഒരേ പുരോഗതി വരണം എന്ന് വാശി പിടിക്കുന്നത്‌ മണ്ടത്തരമാണ്.

എന്‍റെ ചെറിയ മോട്ടതലയില്‍ വരുന്ന ഒരു അഭിപ്രായമാണ്, രാജ്യദ്രോഹമായി കരുതരുത്.

ഇന്ത്യ എന്ന ഒരൊറ്റ രാജ്യത്തിന്‌ പകരം അതിനെ കൂടുതല്‍ സ്വയംഭരണ അവകാശമുള്ള നാലോ അഞ്ചോ രാജ്യങ്ങളായി പകുത്ത് എല്ലാ മേഖലകളിലും സമഗ്ര വികസനത്തിന് ഊനല്‍ നല്കുന്ന ഒരു കേന്ദ്ര വ്യവസ്ഥ ഉണ്ടാക്കിയാല്‍ ഇപ്പോഴുള്ള രാഷ്ട്രീയ നാടകങ്ങള്‍ എങ്കിലും കുറച്ചൊക്കെ മാറും എന്ന് ഞാന്‍ കരുതുന്നു. ഇപ്പോഴുള്ള കേന്ദ്രം സംസ്ഥാനം രീതി അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാന്‍ മാത്രം മാറിയ സ്ഥിതിക്ക്.

രണ്ടും രണ്ടു പാര്‍ട്ടികള്‍ ആണ് ഭരിക്കുന്നത് എങ്കില്‍ഉള്ള പുകില് പറയുകയും വേണ്ട.

ഇങ്ങനെ ചെയുമ്പോള്‍ അഴിമതി കുറയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല പക്ഷെ അതിന്‍റെ വ്യാപ്തി കുറയാം. കാര്യം തീര്‍ക്കാന്‍ ഡല്‍ഹിക്ക് പോകണം എന്ന സ്ഥിരം പല്ലവി കുറയ്ക്കാം.. ..

സാഹചര്യത്തിനു അനുസരിച്ച് നികുതികള്‍ കുറയ്ക്കാം, കൂട്ടാം. അങ്ങിനെ പലതും 


സുനാമി വന്നാലും കൃഷിനാശം വന്നാലും, ഇടിവെട്ടിയാലും, മഴപെയ്താലും, മഴയില്ലെന്കിലും കേന്ദ്രത്തില്‍ പോയി വല്ലതും തരണേ അമ്മാ എന്ന് വിളിക്കുന്നതിനെകാള്‍ എത്രയോ ഭേദംഅല്ലെ സ്വന്തം ഫണ്ട് ഉണ്ടാക്കുന്നത് അതുകൊണ്ട് ആവശ്യങ്ങളും അത്യാവശ്യങ്ങളും തിരിച്ചറിഞ്ഞ്‌ ഉപയോഗിക്കുന്നത്.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന അല്ലെങ്കില്‍ കഴിഞ്ഞ 6 മാസത്തില്‍ നടന്ന ചര്‍ച്ചകള്‍ നോക്കാം. എന്‍ഡോസള്‍ഫാന്‍ കൊണ്ട് കേരളത്തില്‍ പ്രശനമുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു, പക്ഷെ അത് നിരോധിക്കണമെങ്കില്‍ സംസ്ഥാനവും കേന്ദ്രവും അങ്ങോട്ടും ഇങ്ങോട്ട് കത്തെഴുതി കളിക്കുന്നു. ഇത് തന്നെയായിരുന്നു ലോട്ടറി കേസിലും ഉണ്ടായതു. ഇപ്പൊ മുല്ലപെരിയാര്‍ പ്രശനവും കേന്ദ്രം തീരുമാനിക്കും എന്ന് കേള്‍ക്കുന്നു എന്തിനു കേരളവും തമിഴ്നാടും ചര്‍ച്ച ചെയ്താല്‍ തീര്‍ക്കാവുന്ന സംഗതി എന്തിനു ഇത്ര നീട്ടിവലിക്കുന്നു.

ക്രിക്കെറ്റ്കളി കാണുമ്പോഴും, യുദ്ദം ഉണ്ടാവുമ്പോഴും മാത്രം ഇന്ദ്യകാരന്‍ എന്ന് പറഞ്ഞു നടന്നിട്ട് എന്ത് കാര്യം.

ഇനിയും എഴുതാം, പക്ഷെ തല്‍കാലം നിര്‍ത്തുന്നു.

Wednesday, April 20, 2011

കാല്കു⡸ലേറ്റര്‍ ഇങ്ങനെയും ഉപയോഗിക്കാം


ചിത്രം കടം പറഞ്ഞിരിക്കുന്നത് ഡിയട്രേഡ്

വട്ടപോയിലിന്റെ കാല്‍കുലേറ്റര്‍ കണ്ടപ്പോഴാണു ഇങ്ങനെ ഒന്ന് എഴുതാം എന്ന് തോനിയത്.

ആദ്യം അവിടെ തന്നെ കമ്മന്റ് അടിച്ചാലോ എന്ന് വിചാരിച്ചതാ ! പിന്നെ തോനി വേണ്ട ചിലപ്പോ അത് അങ്ങേര്‍ക്കു ഇഷ്ടമയില്ലെങ്കിലോ.

ഒകെ അപ്പൊ പറഞ്ഞു വന്നത്. കാല്‍കുലേറ്ററിനെ പറ്റി. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത് ഉപയോഗിക്കാത്തവര്‍ ചുരുക്കം. ചിലക്കു കൂട്ടാനാണ് താല്പര്യമെങ്കില്‍ ചിലര്‍ക്ക് ഗുണിക്കാനായിരിക്കും, ചിലര്‍ക്ക് ഹരിക്കാനും, ചിലര്‍ക്ക് കിഴിക്കാനും ഒക്കെ ഇതുതന്നെ ശരണം.

ഇതാ രണ്ടു ടൈം പാസ്സുകള്‍ നിങ്ങളുടെ. പണ്ട് എന്നോ അറിഞ്ഞതാ ഇപ്പൊ പൊടിതട്ടിയെടുത്ത് എന്ന് മാത്രം.


എട്ടു സുഹൃത്തുകള്‍,  നാലു പെണ്ണും(1111) നാലു ആണും(0000) , കൂടി സിനിമയ്ക്ക് പോയി ( ഇപ്പൊ തീയറ്ററില്‍ ഉള്ള ഉറുമി, ചൈന ടൌണ്‍ അലീന്കില്‍ ഏതെങ്കിലും കൂതറ പടം ) നാലും കൂടി ഇങ്ങനെ ഇരുന്നു. 11110000

സിനിമ തുടങ്ങി ഒരു വിധം ഇങ്ങനെ രസം പിടിച്ചു വരുന്നു, പെട്ടെന്ന് കരണ്ട് പോയി.

പണ്ടത്തെ ഓല മേഞ്ഞ ടാല്‍കീസ്ആണ്, പടം പുതിയത് തന്നെ, എന്തായാലും അവര് ഒരു എമര്‍ജന്‍സി ലൈറ്റ് ഓണ്‍ ചെയ്തു കത്തുന്നില്ല, അതിലെ ബള്‍ബ്‌ മാറ്റി 100 വാട്ടിന്റെ ഒരെണ്ണം ഇട്ടു കത്തുന്നില്ല, അതും മാറ്റി ഒരു 89 വാട്ടിന്റെ, നോ രക്ഷ അവസാനം 90 വാട്ടിന്റെ ഒരെണ്ണം ഇട്ടപ്പോള്‍ ലൈറ്റ് കത്തി. പക്ഷെ താഴെ മക്കള് ഇരുന്ന പൊസിഷനില്‍ ചെറിയ മാറ്റം. ( ഇങ്ങനത്തെ ബള്‍ബ്‌ ഉണ്ടോ എന്ന് എന്നോട് ചോദിക്കരുത് )

1111000-1008990 = എങ്ങനെഉണ്ട് എന്നറിയാന്‍ ഉടന്‍ ഞെക്കൂ .


ഒകെ ശരി ഒരെണ്ണം കൂടി.

16വയസ്സുള്ള ഒരു പെണ്‍കുട്ടി 67 വയസുള്ള യുവാവിനെ കല്യാണം കഴിച്ചു. മധുവിധു മുതല്‍ തന്നെ കല്ലുകടി തുടങ്ങി.

പക്ഷെ കാര്യങ്ങള്‍ അവിടെ തീരുന്നില്ല ഇവര് തമ്മില്‍ ദിവസേന 3 തവണ തല്ലു കൂടും, അങ്ങിനെ ഒരാഴ്ച 7 ദിവസം തുടര്‍ന്ന്, അവസാനം അയാള്‍ക്ക് എന്ത് പറ്റി. നോക്കൂ.

1667 x 3 x 7 = കിട്ടുന്ന ഉത്തരം കാല്‍കുലേറ്റര്‍ തലതിരിച്ചു പിടിച്ചാല്‍ അറിയാം.

ഈ പറഞ്ഞ ഉദാഹരണം രണ്ടോ മൂന്ന് വിധത്തില്‍ പറയാം, സഭ്യതയുടെ അതിര്‍വരമ്പുകള്‍ ചാടി കിടക്കാതെ തന്നെ ഞാന്‍ പറഞ്ഞെന്നു തോനുന്നു.

വാല് : എന്തായാലും അവസാനം കാല്‍കുലേറ്ററിന്റെ വിധി കുത്ത് കൊള്ളാന്‍ തന്നെ.

Wednesday, April 13, 2011

നായിന്‍റെ വാല് എത്ര കാലം കഴിഞ്ഞാലും നേരെയവില്ലേ ?


pic curtsy : medirad 
ഇപ്പൊ ഇത് പറയാന്‍ കാരണം കൊച്ചി IPL ടീമിന്റെ അവസ്ഥ കാണുമ്പോഴാണ്, ആദ്യ കളി തോറ്റെങ്കിലും ടീമിലെ കളിക്കാര്‍ക്ക് എല്ലാവരും മിടുക്കന്‍മാര്‍ തന്നെ, കിട്ടിയതില്‍ വച്ച് മോശം പറയാന്‍ മാത്രം കളിക്കാര്‍ ഒന്നും ഇല്ല, എന്നാല്‍ ഇപ്പൊ രണ്ടു ദിവസമായി കേള്കുന്നത് ടികട്റ്റ്‌ വില്കുന്നതിനെ പറ്റിയുള്ള കോലാഹലങ്ങളാണ്.

ഈ സീസണില്‍ ആദ്യകളിയുടെ ദിവസം, രാത്രി എട്ടു മണിക്കുള്ള കളിക്ക്, ക്യാപ്ടന്‍ അന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് ടീമിനൊപ്പം വന്നതെന്നും, ഗോമെസിനു എറിയാന്‍ കൊടുത്തത് തെറ്റായി എന്നും, മലയാളികള്‍ ആയി രണ്ടു മൂന്ന് പേര്‍ മാത്രമേ ഉള്ളൂ എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ തന്നെ, ഇതുവരെ ചെന്നൈ IPL ടീമിനെ മനസ്സുകൊണ്ട് സപ്പോര്‍ട്ട് ചെയ്തിരുന്ന ഞാന്‍, കറതീര്‍ന്ന മലയാളിഎന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം കൊച്ചി ടാസ്കേര്‍സ് കേരള എന്ന ടീമിന് മാനസിക പിന്തുണ പ്രക്യപിചിരിക്കുകയാണ്.

ഈ ടീമോന്നു കെട്ടിപൊക്കാന്‍ നമ്മുടെ ശശിയണ്ണന്‍ അങ്ങേരുടെ ജോലിയടക്കം കളഞ്ഞു എല്ല് മുറിയെ പണിയെടുത്തതും, മര്‍വടികള്‍ അവരുടെ നാട്ടിലേക്കു ഇതിനെ പറിച്ചു നടാന്‍ നടത്തിയ പാടും ഒക്കെ നമ്മള് കണ്ടതാണ്. അതൊക്കെ ഒന്ന് അടങ്ങി എല്ലാം കഴിഞ്ഞു ദേവാസുരത്തിലെ മോഹന്‍ലാലിനെ പോലെ ഇങ്ങനെ നെഞ്ചും വിടര്‍ത്തി വന്നതാണ്‌ കൊച്ചി, ദേ കിടക്കുന്നു അടുത്ത മാരണം.


ആലുംകായ പഴുത്തപ്പോള്‍ കാക്കയ്ക് വയപുണ്ണ് എന്ന് പറഞ മാതിരി, ടിക്കറ്റ്‌ കോര്‍പറേഷന്‍ കാര് സീല്‍ അടിച്ചു കൊടുക്കുന്നില്ല എന്നും പറഞ്ഞു ഒരു സംഭവം. ടിക്കറ്റ്‌കള്‍ കൊച്ചി കോര്‍പറേഷന്‍ സീല്‍ അടിച്ചു കൊടുത്തെന്നും, ഇപ്പൊ കൊടുക്കുമെന്നും, ഉച്ച ഉച്ചരയോടെ കൊടുക്കുമെന്നും ഒക്കെയാണ് ന്യൂസില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ഇപ്പൊ ആരൊക്കെയോ ഇടപെട്ടു ഇപ്പൊ സംഭവം സുനാമി ആക്കിയെന്നു കേട്ട്, പക്ഷെ ഇന്ന് നടക്കേണ്ട കളിയുടെ ടിക്കറ്റ്‌ ഇന്നലെ മുതല്‍ കൊടുത്താല്‍ മതിയോ ?

കണക്കുകള്‍ ശരിക്ക് കൊടുക്കത്തതിനാലാണ് സീല്‍ വച്ച് കൊടുക്കാത്തത് എന്ന് കോര്‍പറേഷന്‍, അതല്ല ചില കൌണ്‍സില്‍മാര്‍ക്ക് വേണ്ടത്ര ഫ്രീ പാസ്‌ കൊടുക്കത്തതിനാലാണ് എന്ന് വേറെ ന്യൂസ്‌ എന്തായാലും ശരി നാറ്റിച്ചു അത്രെ ഇതില്‍ പറയാനുള്ളൂ. കഴിഞ്ഞ കളി കാണാന്‍ എത്ര പേര് ഉണ്ടായിരുന്നു എന്ന് നമ്മളൊക്കെ കണ്ടതാ, അതും പകുതിയിലധികം ഫ്രീ പാസ്‌ ആയിരുന്ന്നത്രേ.

ആദ്യമായാണ് കൊച്ചിയില്‍ IPL മത്സരങ്ങള്‍ക്ക് നടക്കുന്നത്, കളി എന്തോ ആവട്ടെ അതിനോടനുബന്ദിച്ചു എത്രത്തോളം വരുമാനം അവിടെ ഉണ്ടാവും  (അതിനോട് നേരിട്ടോ അല്ലാതെയോ ഉള്ളവര്‍ക്ക് ) എന്ന് കൂടി നോക്കണം, അപ്പൊ അധികാരികള്‍ കുറച്ചൊക്കെ വിട്ടു വീഴ്ച ചെയ്യുനതല്ലേ നല്ലത്. ഒപ്പം വേണ്ട കണക്കുകള്‍ സമയത്ത് തന്നെ വേണ്ടവര്‍ക്ക് കൊടുക്കാന്‍ സഖാടകരും ശ്രദ്ടികട്ടെ. എന്തിനാ വെറുതെ മറ്റുളവരെ കൊണ്ട് അയ്യേ അയ്യേ എന്ന് പറയിക്കാന്‍ നില്‍കുന്നത്.


വാല്‍കഷണം : എനിക്ക് പറയാനുള്ളത് ടി വി കാരോടാണ് പ്രതേകിച്ചു ക്യാമറമാനോടു, കഴിഞ്ഞ കളിയില്‍ ചീര്‍ ഗേള്‍സിനെ കാണിച്ച പോലെ വേണ്ടത്ര ശ്രദ്ദ നിങ്ങള്‍ ഇപ്രാവശ്യം കാണിക്കുനില്ല എന്നൊരു തോനാല്‍, ഇനിയെങ്കിലും ശ്രദ്ദിക്കുമല്ലോ, അല്ലെങ്കില്‍ ഞാന്‍ ചാനെല്‍ മറ്റും.

Tuesday, April 5, 2011

തിരുവില്വാമല എന്ന് പറഞാല്‍ തിളക്കണം

പ്ലീസ് തല്ലരുത്.

എനിക്കറിയാം, നിങ്ങളെന്നെ കാണാന്‍ കാത്തിരിക്കുകയാണ് എന്ന്, എന്‍റെ ചെകിടത്തു നിന്ന് കയ്യെടുക്കാന്‍ തോന്നില്ല അല്ലെ. എന്താ ചെയ്യാ കലികാല വൈഭവം. ശിവ ശിവ. ഇപ്രാവശ്യം കൂടി ക്ഷമിക്ക്യ, ഇല്ലേ ഉവ്വോ, ക്ഷമിക്കില്ലേ. നിങ്ങള്ക്ക് നല്ല ബുദ്ധി തോനാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം.

എന്താ എന്നറിയില്ല തിരുവില്വാമല എന്ന് കേട്ടാല്‍ തന്നെ ഒരു മാതിരി കുരങ്ങു ഇഞ്ചി കടിച്ചപോലെയാവും, ങ്ഹും, ങ്ഹും, അത് നിങ്ങള്ക്ക്, എനിക്ക് അമ്പലോം, കാവും, അവിടെ തൊഴാന്‍ വരുന്ന ആളുകളും ഒക്കെയാണ്. എന്തായാലും ഞാന്‍ അധികം പറഞ്ഞു നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നില്ല.

തിരുവില്വാമല എന്ന് പറഞാല്‍ തിളക്കണം എന്ന് V K N പാടിയില്ല, എന്തേ, ആ എനിക്കറിയില്ല.

രണ്ടു യുട്യൂബ് വിഡിയോ ഇവിടെ ഷെയര്‍ ചെയ്യുന്നു.

നമ്മുടെ കൈരളി ടി വിയില്‍ ലക്ഷ്മി നായര്‍ അവതരിപ്പിക്കുന്ന, ഫ്ലെവേഴ്സ് ഓഫ് ഇന്ത്യ എന്ന പരിപാടിയില്‍ തിരുവില്വാമല പറക്കോട്ട് കാവ്‌ ക്ഷേത്രത്തെയും വില്വാദ്രിനാഥ ക്ഷേത്രത്തെയും കുറിച്ചുള്ള വിവരണങ്ങള്‍ ആണ് ഇത്.

നാട്ടിലുള്ള പലരും കണ്ടിട്ടുണ്ടാവും, അവരെ സംബധിച്ചിടത്തോളം ഇത് ഒട്ടും പുതുമയുള്ള ഒന്നാവണം എന്നില്ല, എന്നാല്‍ നാട്ടില്‍ നിന്ന് പുറത്തുള്ളവര്‍ക്ക് വന്നാല്‍ നാട്ടിലെ ശീമാകൊന്നയും കമ്മുനിസ്റ്റ്‌ പച്ചയും ഒക്കെ അത്ഭുതങ്ങള്‍ ആയിരിക്കും. എന്‍റെ അനുഭവം അതാണ്, മറിച്ചുള്ളവര്‍ ഉണ്ടാവാം.

കണ്ടു നോക്കൂ.അപേക്ഷ : പൂജാരി, എനിക്കുള്ള പ്രസാദം മറ്റിവയകണെ 

Monday, April 4, 2011

കശ്മലന്മാര്‍ ഡ്യൂപ്ലിക്കേറ്റ്‌ വേള്‍ഡ് കപ്പ് തന്നു പറ്റിച്ചു.


പാവം സച്ചിന്‍ ഇത് വല്ലതും അറിഞ്ഞോ ?
അല്ലെങ്കിലേ ഇന്ത്യന്‍ കസ്റ്റംസ്‌ എന്ന് പറഞ്ഞാല്‍ തവള പാമ്പിനെ കണ്ട പ്രതീതിയാണ്, ഇപ്പൊ 120 കോടി (ഒരു കോടി മനപൂര്‍വം കുറച്ചതാ അത് കസ്റ്റംസ്‌ കാരുടെ വകയില്‍ ) ജനങ്ങള്‍ ആരായി. കപ്പില്‍ മുത്തമിട്ട ധോണി ആരായി, ഇതും പിടിച്ചു നടന്ന മറ്റുള്ളവരൊക്കെ ആരായി.

ഇന്നത്തെ ന്യൂസ്‌ കണ്ടപ്പോഴാണ് ഒറിജിനല്‍ വേള്‍ഡ് കപ്പു കസ്റ്റംസ്‌ കാരുടെ കയ്യില്‍ ആണെന്നും 35% ഡ്യൂട്ടി അടിക്കത്തതിനാല്‍ അത് അവിടെ തന്നെയാണ് ഇപ്പോഴും എന്ന് മനസ്സിലാകാന്‍ കഴിഞ്ഞത്.

28 വര്ഷം കൂടി കിട്ടിയ ഒരു സന്തോഷം അത് കശ്മലന്മാര്‍ ഇങ്ങനെ ചെയ്യും എന്ന് വിചാരിച്ചില്ല.

അതോ ഇനി ഇപ്പൊ ശ്രീലങ്ക ആണ് ജയിച്ചിരുന്നെങ്കില്‍ എന്തിനു വെറുതെ ഡ്യൂട്ടി അടിച്ചു അത്രേം കാശു കൂടി കളയണം എന്ന് അധികാരികള്‍ വിച്ചരിച്ചുവോ ?

സച്ചിനും, ധോണിയും, നമ്മുടെ ഗോപു മോനും ഒക്കെ ഇതിലാണല്ലോ ഉമ്മ വച്ചത് എന്നോര്‍ക്കുമ്പോള്‍, ഇനി ഇപ്പൊ അത് കൊണ്ട് വല്ല അല്ലര്‍ജി ഉണ്ടാവുമോ ആ ആര്‍കറിയാം.

ആദ്യം പൂനം കപ്പൂര്‍ ഇന്ത്യ ജയിച്ചാല്‍ എന്തൊക്കെയോ കാണിക്കും എന്ന് പറഞ്ഞു പറ്റിച്ചു, KFC തരാം എന്ന് പറഞു ഫൈസുവും പറ്റിച്ചു, ഇപ്പൊ ഡ്യൂപ്ലിക്കേറ്റ്‌ വേള്‍ഡ് കപ്പു തന്നു അവരും ( ICC ആണ് എന്ന് തോനുന്നു, എനിക്കും ശരിക്ക് അറിയില്ല ) പറ്റിച്ചു. ഇനിയും പറ്റിക്കാന്‍ ഇന്ത്യന്‍ ടീം മാത്രം ബാക്കി.

ജനങ്ങള്‍ക്ക് കിട്ടിയ ഡ്യൂപ്ലിക്കേറ്റ്‌ വേള്‍ഡ് കപ്പു കണ്ടു ആരൊക്കെ ആസ്വദിക്കുന്നുണ്ടാവും ?

ഇനി ഇവന്മാര്‍ക്ക് കൊടുക്കാം എന്ന് പറഞ്ഞ കാശ് കൊടുക്കാതെ പറ്റിക്കുമോ എന്തോ ആര്കറിയാം.

എന്തായാലും ഇന്ത്യന്‍ ടീമിന് ആശംശകള്‍