Monday, February 27, 2012

ഹര്‍ത്താല്‍ - ദൈവത്തിന്‍റെ സ്വന്തം


കേരളത്തിന്‍റെ സ്വന്തം ആഘോഷമായ ഹര്‍ത്താല്‍, ഒരു ഇവന്‍റ് എന്നരീതിയില്‍ ഏറ്റവും നല്ലരീതിയില്‍ നടത്തികാണിക്കുന്ന കൊച്ചു കേരളം ലോകത്തിന് തന്നെ മാതൃകയാണ്, അല്ലെങ്കില്‍ ലോകജനതയ്ക്കു തന്നെ ആശ്ചര്യമാണ്.

പലപ്പോഴായി പലരും പറഞ്ഞിട്ടുളതാണെങ്കിലും പിന്നേം പറയാതെ വയ്യ.

ബന്ദ് നിരോധിച്ച കോടതിവിധി പുല്ലുപോലെ കണ്ട് “ഹര്‍ത്താല്‍” എന്ന് ഓമനപ്പേരിട്ടു പുതിയ കുപ്പിയിലേക്ക് പഴയവീഞ്ഞു കൊണ്ടുവന്നപ്പോള്‍ ശരിക്കും വെല്ലുവിളിക്കുന്നത് ആരോടാണ് ? എന്തിനാണ് ?

ഇപ്പോ കാണുന്നത് ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ മല്‍സരമാണ്. ഇന്ന് ഞാനെങ്കില്‍ നാളെ നിന്‍റെവക. കഷ്ടം!

എന്തിനും ഹര്‍ത്താല്‍, പെട്രോള്‍ വില കൂട്ടിയാല്‍, ഒരുത്തന്‍ മറ്റവനെ വെട്ടിയാല്‍, ആരെങ്കിലും മിണ്ടിയാലും മിണ്ടിയില്ലെങ്കിലും, എന്നുവേണ്ട സര്‍വത്ര കാരണങ്ങള്‍. എന്നിട്ട് ഇന്നുവരെ എന്തിനെങ്കിലും ഹര്‍ത്താല്‍ കൊണ്ട് പരിഹാരം ഉണ്ടായിട്ടുണ്ടോ ?

പുതുവര്‍ഷം പിറന്നതില്‍ ശേഷം മാത്രം 12ഓളം ഹര്‍ത്താല്‍ കേരളത്തില്‍ ഉണ്ടായി എന്നു ഞാന്‍ മനസ്സിലാകുന്നു. വളരെ നല്ലത് കീപ്പ് ഇറ്റ് അപ്പ്.

ഒരു കേരള ഹര്‍ത്താല്‍ എന്നത് ചുരുങ്ങിയത് 500 കോടിയെങ്കിലും നഷ്ടം വരുമെന്നത് എവിടെയൊക്കെയോ വായിച്ചറിഞ്ഞു. എന്തുകൊണ്ടാണ് ഇനിയും ഈ പ്രാകൃതസംസ്കാരം വലിച്ചെറിയാത്തത് ?

ഹര്‍ത്താല്‍ നടത്തുന്നതുകൊണ്ടു ശരിക്കും ആര്‍ക്കാണ് നേട്ടം? സാധാരണ ജനങ്ങള്‍ ഹര്‍ത്താല്‍ ആഗ്രഹിക്കുന്നുണ്ടോ ? അതോ കല്യാണവും, ചോറൂണും ഒക്കെ പോലെ ഇതും ഒരു അവശ്യ ചടങ്ങായി മലയാളി ഏറ്റെടുത്തുവോ ?

ഹര്‍ത്താലില്‍ ലോകേറെക്കോര്‍ഡിലേക്ക് കുതിക്കുന്ന കേരളത്തെ, ചില തല്‍പര കക്ഷികള്‍ മനപ്പൂര്‍വം ഇല്ലാതാക്കാന്‍ അല്ലെങ്കില്‍ ഈ റെക്കോര്‍ഡ് തട്ടിപറിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഫലമായിട്ടാണ് കഴിഞ്ഞ ദിവസം “വിളപ്പില്‍ ശാലയില്‍” ചില പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മറ്റു ചില “കഴുതകള്‍” തളികളഞ്ഞത് എന്നു വേണം കരുതാന്‍.

ഈര്‍കിലി പാര്‍ട്ടിയായാലും ഹര്‍ത്താല്‍ ആഹ്വാനം ചെയ്താല്‍ പിന്നെ എല്ലാവരും അത് വിജയിപ്പിക്കുക എന്ന ന്യൂട്ടന്‍റെ അടിസ്ഥാന തത്ത്വം ആണ് അന്നവിടെ ചോദ്യം ചെയ്യപ്പെട്ടത്.

എന്തായാലും ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതില്‍ മീഡിയ വഹിക്കുന്ന പങ്ക് ചില്ലറയല്ല, അല്ലെങ്കില്‍ അവരാണ് അത് വിജയിപ്പിക്കുന്നത്.

ആരെങ്കിലും ഒരുത്തന്‍ അവന്‍റെ കക്കൂസിലിരുന്നു നാളെ ഹര്‍ത്താല്‍ എന്നു ആഹ്വാനം ചെയ്താല്‍, അത് ഏറ്റുപിടിക്കുന്നത് ടി വി കാര് തന്നെയാണെന്ന് പറയത്തിരിക്കാനും വയ്യ.

ഇന്ന് വരെ നടത്തിയ എത്ര ഹര്‍ത്തലുകള്‍ അതിന്‍റെ ആവശ്യങ്ങള്‍ അഗീകരിച്ചു വിജയം നേടിയിട്ടുണ്ടെന്ന് എത്ര പേര്‍ക്കു പറയാനാവും, അല്ലെങ്കില്‍ എത്ര ഹര്‍ത്താല്‍ സാധാരണജങ്ങള്‍ക്കായി നടത്തി എന്ന്‍ പറയാന്‍ കഴിയും.  അതുകൊണ്ടു തന്നെ, പ്ലീസ് പ്ലീസ്, ഒരു ഹര്‍ത്താല്‍ എങ്കില്‍ ഒരെണ്ണം അതെങ്കിലും ഒഴിവാക്കി മറ്റു സമരമുറകള്‍ കൊണ്ടുവരണം. അതിനുള്ള സമയം എന്നേ കഴിഞ്ഞുപോയെങ്കിലും ....

സാധാരണ ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കണം ഒരപേക്ഷയാണ്. 

അല്ലെങ്കില്‍ കൊടിയുടെ നിറം നോക്കിയല്ലാതെ ജനങ്ങളുടെ കൂട്ടായ്മ ഇത്തരം ശുംഭതരങ്ങളെ കണ്ടില്ലെന്നു നടിക്കണം. അതുമല്ലെങ്കില്‍ കോടതിതന്നെ ഇടപെട്ട് ഹര്‍ത്താലും നിര്‍ത്തലാകണം.

ശ്രീ കെ എം ഹരിദാസ് വിവരാകശനിയമ പ്രകാരം ചോദിച്ചു വാങ്ങിയ ഹര്‍ത്താലിനെപ്പറ്റിയുള്ള ഒരു മറുപടി ഇവിടെ ക്ലിക്കിയാല്‍ വായിയ്ക്കാം.

*ചിത്രത്തിന് കടപ്പാട് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയത്.